Sunday, July 22, 2012


മകള്‍ക്ക്...

ഞാനെന്‍റെ മകള്‍ക്ക് ജന്മം നല്‍കി.
നന്മയെന്നു അഭിധ ചൊല്ലി.
അവള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ നല്‍കിയില്ല.
കളികള്‍ക്ക് കൂട്ടുമായില്ല.
പാദത്തില്‍ ഊന്നി നടത്തിയില്ല.
താരാട്ടിന്നീണം പകര്‍ന്നതില്ല.
സ്നേഹപൂര്‍വമായൊരു വാക്ക് പറഞ്ഞില്ല.
നിന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചുമില്ല.

നിന്നെ ഞാനറിയാഞ്ഞല്ല കുഞ്ഞേ..
നീ നോവുന്നത് കാണാഞ്ഞുമല്ല.
ഒരിക്കല്‍ മരണമെന്നെ ചൂഴ്ന്നെടുക്കുമ്പോള്‍ 
 എന്റെ ചേതന അറ്റ മാംസത്തെകണ്ട്
നീ പതറാതിരിക്കാന്‍.
നീ സ്വയം ജീവിക്കാന്‍ പഠിക്കാന്‍.
എന്റെ വിരഹം നിന്നെ 
മുറിപ്പെടുത്താതിരിക്കാന്‍ 
ഈ അമ്മയെ ഓര്‍ത്ത് 
നെടുവീര്‍പ്പ് ഉതിര്‍ക്കാതിരിക്കാന്‍.
ഞാന്‍ ഇങ്ങനെ നിന്നെ പരിശീലിപ്പിച്ചു.
ഇനി നിനക്കെന്നോടുള്ളത്;
ആ പത്തുമാസങ്ങളുടെ ഭാരക്കൂടുതലും 
മുലപ്പാലിന്റെ കയ്പ്പും മാത്രം..