Tuesday, May 3, 2022

ചക്രധാർ

കേൾക്കുമ്പോൾ ഇതെന്താണെന്ന് ചിന്തിച്ചുപോകുന്ന ഒരു വാക്ക്. അതൊരു പേരാണ്.. ഈ പേരു കടന്നുവരുമ്പോളൊക്കെ നിങ്ങളെ പറ്റി എന്താണ് എഴുതേണ്ടതെന്ന് എനിക്കും മനസിലാകുന്നില്ല ചക്രധാർ. കേവലം ഒന്നര മണിക്കൂർ നീണ്ടുനിന്ന ഒരു ട്രെയിൻ യാത്ര. കണ്ണൂരിൽനിന്നും കോഴിക്കോടേക്ക് ...പതിവുപോലെ മുൻകൂട്ടി ബുക്ക് ചെയ്ത സൈഡ് സീറ്റിൽ തിരഞ്ഞെടുത്തു വച്ച സ്ഥിരം പ്ലേലിസ്റ്റുമായി ഹെഡ്സെറ്റ് എടുത്തു ചെവിയിൽ തിരുകുന്നതിനിടെ എന്റെ മുന്നിലിരുന്ന ആ മനുഷ്യൻ എവിടെയാണ് ഇറങ്ങേണ്ടതെന്നെന്നോട് ചോദിച്ചു... പകുതി മുറിഞ്ഞ ഇംഗ്ലീഷും കേട്ടില്ലെന്ന ഭാവത്തിൽ ഞാനിരിക്കാൻ തുടങ്ങുമ്പോൾ അയാൾ വീണ്ടും ചോദിച്ചു. കോഴിക്കോടേക്കാണെന്ന് പറഞ്ഞു തീരും മുന്നേതന്നെ കോഴിക്കോട് NIT യിലാണ് പഠിച്ചതെന്ന് അയാൾ പറഞ്ഞു കഴിഞ്ഞിരുന്നു. കോഴിക്കോട് വളരെ നല്ല സ്ഥലമാണെന്നും അവിടുള്ള ആളുകൾ സ്നേഹമുള്ളവരാണെന്നും പറഞ്ഞു. ആന്ധ്രാകാരനായ ചക്രധാർ എന്ന വ്യക്തിയുമായുള്ള സംസാരം പിന്നീടങ്ങോട്ട് നീളുകയായി. കർണാടക NIT യിൽ എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ PHD ചെയ്യുന്നു. സ്വദേശത്തേക്ക് മടങ്ങുന്നു. വീട്ടുകാരെ പറ്റിയും കൂട്ടുകാരെ പറ്റിയും പഠിച്ച വിഷയങ്ങളെ പറ്റിയുമൊക്കെ നിർത്താതെ സംസാരിച്ച ഞങ്ങളെ അയാളുടെ സഹപാഠിയും നോക്കുന്നുണ്ടായിരുന്നു. അറിയാവുന്ന മുറി ഇംഗ്ലീഷിൽ ഇത്ര മാത്രം സംസാരിക്കാൻ എങ്ങനെ കഴിഞ്ഞുവെന്ന് ഇപ്പോളും നിശ്ചയമില്ല. എങ്ങനെയാണു ഇത്ര സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതെന്ന അയാളുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയുമെന്ന് ആലോചിക്കുമ്പോഴാണ് TTE വന്നത്. ചെക്കിങ്ങും കഴിഞ്ഞ് പോയപ്പോഴാണ് ഞാൻ പേരു ചോദിക്കുന്നത്... കുറഞ്ഞത് ഒരു മൂന്നു പ്രാവശ്യമെങ്കിലും സ്പെല്ലിങ് അടക്കം ഞാൻ അയാളെക്കൊണ്ട് പറയിച്ചിട്ടുണ്ട്. ചക്രധാർ റെഡ്‌ഡി . ഒന്നാം വർഷ PHD വിദ്യാർത്ഥി. പിജി കഴിഞ്ഞതാണെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് PHD ക്ക് പോകുന്നില്ലെന്ന് ചോദിച്ചപ്പോൾ , അതുകൊണ്ടാണ് ഞാൻ ഇത്ര സന്തോഷമായിട്ടിരിക്കുന്നതെന്നായിരുന്നു എന്റെ മറുപടി... ശെരിയാണെന്ന് പറഞ്ഞു. ഭർത്താവിന്റെ വിശേഷങ്ങളും കുഞ്ഞിനെ കുറിച്ചുമൊക്കെ വാതോരാതെ അയാളോരോന്നും ചോദിച്ചു കൊണ്ടേയിരുന്നു. ഭാര്യയുടെ പേരും ജോലി വിവരങ്ങളും റാങ്ക് ഹോൾഡറാണെന്ന കാര്യവുമൊക്കെ പറഞ്ഞു. ഫോട്ടോയും കാണിച്ചു തന്നു. അവരുടെ പ്രണയ കഥയും കേട്ടു. പ്രണയാഭ്യർത്ഥന നിരസിച്ചതും പഠിക്കാനും ജോലിക്കുമൊക്കെ പോകാൻ പറഞ്ഞതും ഒടുവിൽ ജാനകിയുടെ അച്ഛൻ ( അയാളുടെ മാമൻ ) രണ്ടു പേരോടുമായി വിവാഹത്തിന് താല്പര്യമുണ്ടോ എന്ന ചോദിച്ചപ്പോൾ , അയാളുടെ അച്ഛൻ ഗവണ്മെന്റ് ജോലി കിട്ടിക്കഴിഞ് നോക്കാമെന്ന് പറഞ്ഞതും ഒന്നും നോക്കാതെ താല്പര്യമാണെന്ന് ചാടിക്കേറി പറഞ്ഞതുമൊക്കെ അന്നത്തെ സാഹചര്യത്തിലൂടെ കടന്ന് പോയ അതെ വെപ്രാളത്തോടെ അയാൾ പറഞ്ഞു. പഠനത്തിന്റെ ടെൻഷനും ഫാമിലി സ്‌ട്രെസ്സുമൊക്കെ കൂടി അയാൾക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ, നിർത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടേ എന്ന ഞാൻ ചോദിച്ചു... പറയാൻ വളരെ എളുപ്പമാണെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു അയാൾ. ജാനകി ചക്രധാർ TCS ലാണ് ജോലിചെയ്യുന്നത്.. സഹപാഠി ആദ്യമായി ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ടെൻഷൻ പറഞ്ഞപ്പോൾ റിസേർവ് ചെയ്ത സീറ്റുണ്ടായിട്ടും അത്രയും നേരം അവർക്ക് കൂട്ടിനായി എഴുന്നേറ്റു നിന്ന അയാളോട് ബഹുമാനം തോന്നി. എന്റെ മോളു(പാറു) ടെ കാര്യങ്ങളാണ് കുറെയേറെ സംസാരിച്ചത്.. പാറുവിനോട് അന്വേഷണം പറയാൻ പറഞ്ഞു. ജാനകിയോട് പറയാൻ ഞാനും. ഇത് വരെയുള്ള എന്റെ ട്രെയിൻ യാത്രകളിലൊന്നും ഇത്തരമൊരാളെ ഞാൻ കണ്ടില്ല. ഇതൊന്നും കേൾക്കുമ്പോൾ എന്താണ് ഇതിനു മാത്രം പ്രത്യേകതയെന്ന് തോന്നിയേക്കാം... ആ പ്രത്യേകത എനിക്കെഴുതി അറിയിക്കാൻ പറ്റാത്തതാണ്... അത്രയും മാന്യമായ സംസാരവും പെരുമാറ്റ രീതിയുമായിരുന്നു അയാളുടേത്.. മഴ തകർത്തു പെയ്തു തുടങ്ങിയപ്പോൾ കംപാർട്മെന്റിലെ എല്ലാ ജനാലകളും അടക്കാൻ അയാള് കാണിച്ച താല്പര്യവും ഭാര്യയെക്കുറിച്ചുള്ള നിർത്താതെയുള്ള സംസാരവും കുടുംബത്തോടും സമൂഹത്തോടും അയാൾക്കുള്ള പ്രതിബദ്ധത സൂചിപ്പിച്ചു.. റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങി നടന്നു ബസ്സിലോടികയറിയപ്പോളും വീട്ടിലെത്തി കൂട്ടുകാരോട് സംസാരിക്കുമ്പോഴും എന്താണ് ആ വ്യക്തിയിലെ പ്രത്യേകതയെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. എന്റെ ഓര്മകളിൽനിന്ന് മറഞ്ഞുപോയാലും ഈ വരികളിലെങ്കിലും അവശേഷിക്കട്ടേ എന്ന് കരുതിയാണ് ഇതൊക്കെ കുറിച്ചിടുന്നത്... നിങ്ങൾ നല്ലൊരു അധ്യാപകനാകട്ടെയെന്ന് ആശംസിക്കുന്നു ചക്രധാർ...