Friday, December 17, 2010

വിശുദ്ധ

കൂട്ടുകാരില്ലെനിക്കാരും.
കൂട്ടുമായില്ലെനിക്കാരും.
കണ്ണീരുവറ്റി ചുളിഞ്ഞോരീ ചര്‍മവും,
കാന്‍സറിന്‍  നോവ്‌ തിന്നുന്നോരീ കരളും,
ഉഗ്രമായ് കേഴും മനസുമെന്‍ -
കൂട്ടരെന്നോതി കിടന്നുറങ്ങുന്നു ഞാന്‍.

യേശുവില്‍ വിശ്വസിച്ചാവോളം.
തിരുവസ്ത്രംമൂടി മേലോളം.
അക്ഷരമൊന്നു തെറ്റി പറഞ്ഞീല;
തിരുനാമ സങ്കീര്‍ത്തനം മറന്നീല.


എങ്കിലും,
പാതിരി തന്നോരീ പൈതലിന്‍ -
ഭ്രൂണമൊന്നു വളരുന്നുദരത്തില്‍ .
മേല്‍മറകളൊന്നും മറയ്ക്കു-
ന്നതില്ലെന്റെ വീര്‍ത്തു തുടങ്ങിയ
ഗര്‍ഭപാത്രതിനെ....

കാണുവാന്‍ നില്പവര്‍ .
കൈകൊട്ടിയാര്‍പവര്‍.
ഒറ്റയ്ക്ക് മാത്രം നടക്കാന്‍ വിധിച്ചവര്‍.
അന്യയെപോലുറ്റു നോക്കുന്നു-
ഇന്നിന്‍റെ മണ്ണ് പറ്റി മാലിന്യമായി
കൊട്ടയില്‍ തള്ളിക്കയറ്റിയ
പാവമീ കന്യാസ്ത്രീ ഞാന്‍.......

Thursday, December 16, 2010

വരട്ടെ ,......

അന്ത്യ ഘടികാരത്തില്‍ 
മണി മുഴങ്ങിക്കഴിഞ്ഞു.
മനപ്പാടമാക്കിയ സൂത്രവാക്യങ്ങള്‍ 
മാഞ്ഞുപോകുന്നു.

എന്നെ ശത്രുവായി കണ്ടവര്‍
എന്റെ നിര്യാണത്തില്‍ വിലപിക്കുന്നു.
എത്രചിന്തിച്ചിട്ടും അറിയില്ലെന്തെന്‍റെ-
മിത്രങ്ങള്‍ ആഘോഷിക്കുന്നു!


ഈ മുല്ലമൊട്ടിന്‍ മണം,
ഓ സഹിക്കവയ്യ. 
ഞാനെന്ന മിഥ്യയും 
നീ എന്ന സത്യവും 
                                                                                    ചരിത്രമായി കഴിഞ്ഞു.

നാളത്തെ "മാതൃഭൂമി " യില്‍ 
ചിരിച്ചിരിക്കും എന്നെ 
നിങ്ങള്‍ക്കും കാണാം ....

ഓര്‍മക്കുറിപ്പില്‍

ഇരുളുമീ നയനങ്ങള്‍ ഇമവെട്ടിയിടറാതെ
ഒരുയുഗം നിനക്കായി കാത്തുനില്‍ക്കാം .

എന്‍ ജീവരക്തം നനച്ചോരീ പുഷ്പങ്ങള്‍ 
ഒക്കെയും കോര്‍ത്തൊരു ഹാരമാക്കാം .

അകതാരില്‍ എരിയാതെ ഉരുവിടുന്നോരീ മന്ത്രം 
ഒരു മാത്ര കൊണ്ടു പറഞ്ഞുതീര്‍ക്കാം .

ഇനി നീ വരില്ലീവഴിയെന്നറിഞ്ഞിട്ടും 
പടിവാതില്‍ പഴുതില്‍ ഞാന്‍ നോക്കി നില്‍ക്കാം .

ഒക്കെയും ഇത്രയെന്നാകിലും നാം കാണുമ്പോള്‍ 
പങ്കുവയ്ക്കാന്‍ എനിക്കൊന്നുമില്ലാതാകും ...

There is an equal and opposite reaction

ലാളിച്ചിരുന്നു ഞാന്‍ ആ തത്തയെ ,

കേഴും മനുഷ്യ പ്രതീകമായി .

കാലന്‍റെ കണ്ണില്‍ നിന്നകലെയാക്കി 
താഴിട്ടു പൂട്ടിയെന്‍ മനച്ചെപ്പില്‍...


കൊഞ്ചുമായിരുന്നു കുണൂങ്ങുമായിരുന്നു 
ആരുടെതെന്നതോര്‍ക്കാതെ ..

വിഷമില്ല , നീച്ചത്വമില്ല 
കേവലം നിസ്വാര്‍ത്തത മാത്രം..
ആരുപേക്ഷിച്ചതറിവീല,
എവിടേക്ക് ചേക്കേറുമെന്നതും അറിയില്ല ....


പാലും പഴവും തേനിലാല്‍ ചാലിച്ച് 
ഊട്ടിയിരുന്നു കഥ പറഞ്ഞു.
ഒടുവിലൊരുദിനം സായാഹ്ന വീഥിയില്‍ 
അതെന്നെ വിളിച്ചു "യാതുധാനാ" ..............

Wednesday, December 15, 2010

എന്‍റെ അമ്മ

പുഞ്ചിരി തൂകും വദനം മനോഹരം 
കെഞ്ചുമീ ഹൃദയമിതാര്‍ക്കുകാണാന്‍ ?
തോഴനെങ്ങോ പിരിഞ്ഞുപോയി 
ഒരു തുള്ളി വേദനയുറ്റിട-
തോര്‍ക്കുന്നു ഞാന്‍......
വീണ്ടുമകലെയ്ക്കൊടുങ്ങുന്ന രാത്രിതന്‍ 
വേരുതെടി യാത്ര തുടരുന്നു.
ഈ ഉമ്മറക്കോലായിലെരിഞ്ഞു-
തീരും മെഴുതിരി
ഉരുകിയില്ലാതാകും വരെയും,
ഞാനെന്‍റെ പേരിനൊപ്പം നിന്‍റെ
പേരെഴുതി ചേര്‍ത്തുവെയ്ക്കാം ..
വഴിതെറ്റി വന്നൊരാ ധനുമാസ-
രാവിലകാല വ്യ്ധവ്യത്തിന്‍
കറ പുരണ്ട കണ്‍കളില്‍ ;
നാഥനില്ലാതായോരെന്‍ താലിച്ചരടില്‍ ;
മഷി മായ്ച്ചുതുടചോരെന്‍ 
പ്രണയ രേഖയില്‍ ;
ഓര്‍ക്കുന്നതില്ല ഞാ-
നാ തേനൂറി നില്‍ക്കുമദ്ദിനങ്ങളൊന്നും.
നിന്‍റെ മിഴിയും വശ്യമാം മൊഴിയും 
ഇടയ്ക്കിടയ്ക്കുള്ള കലമ്പലും 
കേട്ടതായോര്‍മവരുന്നില്ല;
ഓര്‍ക്കുന്നതൊന്നുമാത്രമെന്‍ 
കുഞ്ഞിന്‍റെ വിളറിയ -
ചുണ്ടിലോരിത്തിരി ദാഹജലം ......

പ്രണയം

ഉറ്റവരല്ല നമ്മള്‍;
ബാല്യത്തിലൊത്തൊരു കൂട്ടരല്ല.
കൈകോര്‍ത്തൊന്നോടിയിട്ടില്ല -
മാന്ചോട്ടിലെ കിളികലായ്
കണ്ണെറിഞ്ഞില്ല..

കൂട്ടുകാരാരും അറിയാതെ പോയി-
രുന്നൊറ്റയ്ക്കു കിന്നരിച്ചില്ല.
വരുമെന്നും പറഞ്ഞ് ആല്‍തറയില്‍ കാത്തു-
വൈകിയതില്‍ വഴക്കില്ല.

ആരോരുമറിയാതെ കൈമാറുവാന്‍
പ്രേമക്കുറിപ്പുകളില്ല..
ഇത്തിരി കൊഞ്ചലിന്‍ പേരിനാണെങ്കിലും
നുള്ളി നോവിച്ചതെയില്ല .
കാണാതിരിക്കുന്ന മാത്രയില്‍ ഓര്‍ക്കുവാന്‍
പ്രണയം പറഞ്ഞതുമില്ല .

ഒരു വിരല്‍തുമ്പില്‍ , കഴുത്തില്‍ ,നെറുകയില-
ധികാര മുദ്രതന്നില്ല.
ഇത്രയേറെ പറയേണ്ടതുണ്ടോ
പരസ്പരം കണ്ടതേയില്ല .

കണ്ടതില്ലെന്നു നടിക്കുവാനാവില്ല
കണ്ണിന്നുമുള്ളില്‍ വരച്ചിട്ട ചിത്രമേ..
എന്‍റെ തിരശീലയ്ക്കു പിറകില്‍ പിടയുന്ന
വെള്ളരിപ്രാവിനെ കണ്ടുവോ നീ ?

നല്‍ചിറകാലെ പറന്നു നിന്നെത്തൊട്ടു -
ചങ്ക് കൊത്തിച്ചുവപ്പിച്ച ചുണ്ടിനാല്‍,
ഉള്ളംകൈ നിറയെ എഴുതി മുഴുമിക്കട്ടെ ...
ഹൃദയമേ.....
നിന്നെ ഞാന്‍ സ്നേഹിച്ചിടുന്നു...