Tuesday, May 3, 2022

ചക്രധാർ

കേൾക്കുമ്പോൾ ഇതെന്താണെന്ന് ചിന്തിച്ചുപോകുന്ന ഒരു വാക്ക്. അതൊരു പേരാണ്.. ഈ പേരു കടന്നുവരുമ്പോളൊക്കെ നിങ്ങളെ പറ്റി എന്താണ് എഴുതേണ്ടതെന്ന് എനിക്കും മനസിലാകുന്നില്ല ചക്രധാർ. കേവലം ഒന്നര മണിക്കൂർ നീണ്ടുനിന്ന ഒരു ട്രെയിൻ യാത്ര. കണ്ണൂരിൽനിന്നും കോഴിക്കോടേക്ക് ...പതിവുപോലെ മുൻകൂട്ടി ബുക്ക് ചെയ്ത സൈഡ് സീറ്റിൽ തിരഞ്ഞെടുത്തു വച്ച സ്ഥിരം പ്ലേലിസ്റ്റുമായി ഹെഡ്സെറ്റ് എടുത്തു ചെവിയിൽ തിരുകുന്നതിനിടെ എന്റെ മുന്നിലിരുന്ന ആ മനുഷ്യൻ എവിടെയാണ് ഇറങ്ങേണ്ടതെന്നെന്നോട് ചോദിച്ചു... പകുതി മുറിഞ്ഞ ഇംഗ്ലീഷും കേട്ടില്ലെന്ന ഭാവത്തിൽ ഞാനിരിക്കാൻ തുടങ്ങുമ്പോൾ അയാൾ വീണ്ടും ചോദിച്ചു. കോഴിക്കോടേക്കാണെന്ന് പറഞ്ഞു തീരും മുന്നേതന്നെ കോഴിക്കോട് NIT യിലാണ് പഠിച്ചതെന്ന് അയാൾ പറഞ്ഞു കഴിഞ്ഞിരുന്നു. കോഴിക്കോട് വളരെ നല്ല സ്ഥലമാണെന്നും അവിടുള്ള ആളുകൾ സ്നേഹമുള്ളവരാണെന്നും പറഞ്ഞു. ആന്ധ്രാകാരനായ ചക്രധാർ എന്ന വ്യക്തിയുമായുള്ള സംസാരം പിന്നീടങ്ങോട്ട് നീളുകയായി. കർണാടക NIT യിൽ എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ PHD ചെയ്യുന്നു. സ്വദേശത്തേക്ക് മടങ്ങുന്നു. വീട്ടുകാരെ പറ്റിയും കൂട്ടുകാരെ പറ്റിയും പഠിച്ച വിഷയങ്ങളെ പറ്റിയുമൊക്കെ നിർത്താതെ സംസാരിച്ച ഞങ്ങളെ അയാളുടെ സഹപാഠിയും നോക്കുന്നുണ്ടായിരുന്നു. അറിയാവുന്ന മുറി ഇംഗ്ലീഷിൽ ഇത്ര മാത്രം സംസാരിക്കാൻ എങ്ങനെ കഴിഞ്ഞുവെന്ന് ഇപ്പോളും നിശ്ചയമില്ല. എങ്ങനെയാണു ഇത്ര സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതെന്ന അയാളുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയുമെന്ന് ആലോചിക്കുമ്പോഴാണ് TTE വന്നത്. ചെക്കിങ്ങും കഴിഞ്ഞ് പോയപ്പോഴാണ് ഞാൻ പേരു ചോദിക്കുന്നത്... കുറഞ്ഞത് ഒരു മൂന്നു പ്രാവശ്യമെങ്കിലും സ്പെല്ലിങ് അടക്കം ഞാൻ അയാളെക്കൊണ്ട് പറയിച്ചിട്ടുണ്ട്. ചക്രധാർ റെഡ്‌ഡി . ഒന്നാം വർഷ PHD വിദ്യാർത്ഥി. പിജി കഴിഞ്ഞതാണെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് PHD ക്ക് പോകുന്നില്ലെന്ന് ചോദിച്ചപ്പോൾ , അതുകൊണ്ടാണ് ഞാൻ ഇത്ര സന്തോഷമായിട്ടിരിക്കുന്നതെന്നായിരുന്നു എന്റെ മറുപടി... ശെരിയാണെന്ന് പറഞ്ഞു. ഭർത്താവിന്റെ വിശേഷങ്ങളും കുഞ്ഞിനെ കുറിച്ചുമൊക്കെ വാതോരാതെ അയാളോരോന്നും ചോദിച്ചു കൊണ്ടേയിരുന്നു. ഭാര്യയുടെ പേരും ജോലി വിവരങ്ങളും റാങ്ക് ഹോൾഡറാണെന്ന കാര്യവുമൊക്കെ പറഞ്ഞു. ഫോട്ടോയും കാണിച്ചു തന്നു. അവരുടെ പ്രണയ കഥയും കേട്ടു. പ്രണയാഭ്യർത്ഥന നിരസിച്ചതും പഠിക്കാനും ജോലിക്കുമൊക്കെ പോകാൻ പറഞ്ഞതും ഒടുവിൽ ജാനകിയുടെ അച്ഛൻ ( അയാളുടെ മാമൻ ) രണ്ടു പേരോടുമായി വിവാഹത്തിന് താല്പര്യമുണ്ടോ എന്ന ചോദിച്ചപ്പോൾ , അയാളുടെ അച്ഛൻ ഗവണ്മെന്റ് ജോലി കിട്ടിക്കഴിഞ് നോക്കാമെന്ന് പറഞ്ഞതും ഒന്നും നോക്കാതെ താല്പര്യമാണെന്ന് ചാടിക്കേറി പറഞ്ഞതുമൊക്കെ അന്നത്തെ സാഹചര്യത്തിലൂടെ കടന്ന് പോയ അതെ വെപ്രാളത്തോടെ അയാൾ പറഞ്ഞു. പഠനത്തിന്റെ ടെൻഷനും ഫാമിലി സ്‌ട്രെസ്സുമൊക്കെ കൂടി അയാൾക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ, നിർത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടേ എന്ന ഞാൻ ചോദിച്ചു... പറയാൻ വളരെ എളുപ്പമാണെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു അയാൾ. ജാനകി ചക്രധാർ TCS ലാണ് ജോലിചെയ്യുന്നത്.. സഹപാഠി ആദ്യമായി ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ടെൻഷൻ പറഞ്ഞപ്പോൾ റിസേർവ് ചെയ്ത സീറ്റുണ്ടായിട്ടും അത്രയും നേരം അവർക്ക് കൂട്ടിനായി എഴുന്നേറ്റു നിന്ന അയാളോട് ബഹുമാനം തോന്നി. എന്റെ മോളു(പാറു) ടെ കാര്യങ്ങളാണ് കുറെയേറെ സംസാരിച്ചത്.. പാറുവിനോട് അന്വേഷണം പറയാൻ പറഞ്ഞു. ജാനകിയോട് പറയാൻ ഞാനും. ഇത് വരെയുള്ള എന്റെ ട്രെയിൻ യാത്രകളിലൊന്നും ഇത്തരമൊരാളെ ഞാൻ കണ്ടില്ല. ഇതൊന്നും കേൾക്കുമ്പോൾ എന്താണ് ഇതിനു മാത്രം പ്രത്യേകതയെന്ന് തോന്നിയേക്കാം... ആ പ്രത്യേകത എനിക്കെഴുതി അറിയിക്കാൻ പറ്റാത്തതാണ്... അത്രയും മാന്യമായ സംസാരവും പെരുമാറ്റ രീതിയുമായിരുന്നു അയാളുടേത്.. മഴ തകർത്തു പെയ്തു തുടങ്ങിയപ്പോൾ കംപാർട്മെന്റിലെ എല്ലാ ജനാലകളും അടക്കാൻ അയാള് കാണിച്ച താല്പര്യവും ഭാര്യയെക്കുറിച്ചുള്ള നിർത്താതെയുള്ള സംസാരവും കുടുംബത്തോടും സമൂഹത്തോടും അയാൾക്കുള്ള പ്രതിബദ്ധത സൂചിപ്പിച്ചു.. റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങി നടന്നു ബസ്സിലോടികയറിയപ്പോളും വീട്ടിലെത്തി കൂട്ടുകാരോട് സംസാരിക്കുമ്പോഴും എന്താണ് ആ വ്യക്തിയിലെ പ്രത്യേകതയെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. എന്റെ ഓര്മകളിൽനിന്ന് മറഞ്ഞുപോയാലും ഈ വരികളിലെങ്കിലും അവശേഷിക്കട്ടേ എന്ന് കരുതിയാണ് ഇതൊക്കെ കുറിച്ചിടുന്നത്... നിങ്ങൾ നല്ലൊരു അധ്യാപകനാകട്ടെയെന്ന് ആശംസിക്കുന്നു ചക്രധാർ...

Thursday, July 4, 2013

പ ട്ടം

രണ്ടു  ചിറകുകൾ -
ചേർത്തുകൂട്ടിയ -
പട്ടമാകെ  പറക്കാൻ കൊതിക്കുന്നു.

ഒത്ത മധ്യേ -
കൂടുകൂട്ടിയെൻ 
പട്ടുപാറും പൊന്നിൻ കിനാവുകൾ .

പൊങ്ങിയാടി പറന്നു-
മാനത്തിന്റെ അതിരുകാക്കും 
മേഘം കടന്നുപോയ് .

ഉയരവേ തെളിഞ്ഞു കാണുന്നു 
ചിതറിവീണ നക്ഷത്ര ദീപങ്ങൾ.

കണ്ണിനുള്ളിലെ കൗതുക കാ‍ന്താരി 
കണ്ണെറിഞ്ഞൊന്നിനെ -
കൈക്കുള്ളിലാക്കുവാൻ .

വിഫലമായ് ..,
ഞാണ് പുറകിലേക്ക് -
പിടിമുറുക്കുന്നു.

വിട്ടുപോയ്‌ ..,
താരവും മേഘവും-
ദൂരെയായ് തിളങ്ങി പിന്നെയും.

പിന്നിടും വഴിപ്പാതയോരത്ത് -
കണ്ടു ഞാൻ;-
മുന്നേ-യാടിയ പാടുകൾ.

മണ്ണുചേർന്നു തറച്ചുനിന്ന -
സ്ഥിമാടം അടിഞ്ഞു കിനാവുകൾ.
ശ്വാസമിത്തിരി ;- വേർപെടുംമുൻപേ ,
കാണുന്നു,..
ഞാണറ്റം കെട്ടിയിട്ടതേതോ താലി!..

Friday, October 5, 2012

ട്രെയിന്‍ സിഗ്നല്‍


പുസ്തകത്തിന്‍ വരികള്‍ക്കിടയിലൂ-
ടെപ്പൊഴോ വന്നു വീശിയ കാറ്റതില്‍
തെറ്റി മാറിയ കണ്ണിലെ  രശ്മികള്‍,
മെല്ലെ മേല്ലെവേ പിറകോട്ടനങ്ങുന്നു .

കണ്ടു ഞാനിതേകാഴ്ച്ചകള്‍  എത്രയോ -
യാത്രകള്‍ , പാളങ്ങള്‍ മാറാതെ.
പുസ്തകത്തിലാപഴയ താളുകള്‍
വീണ്ടുമെത്താന്‍ തിരക്കിട്ടു മറിക്കവേ ,
കണ്ടു ഞാനെന്‍റെ കണ്ണടക്കൂടിലെന്നോ -
കണ്ടു പരിചിതമാം മുഖം.




കാണാന്‍ കൊതിച്ചു ഞാനെനെങ്കിലും ,..ഞെട്ടി-
ഉള്‍ക്കാമ്പിലക്ഷരത്തണ്ടുലഞ്ഞുപോയ്‌ മാത്രയില്‍.
കമ്പികള്‍ക്കപ്പുറത്തെങ്ങോ  പാടാത്ത പാട്ടിന്‍റെ -
ഈണം ശ്രവിച്ചപോല്‍
കണ്ടില്ല എന്ന് കരുതട്ടെ, എന്നോര്‍ത്ത്
ദൃഷ്ടികള്‍ തമ്മിലിടറാന്‍ വിടാതെപോയ് .

ഏറ്റുവാങ്ങിനാം വഴിക്കാറ്റും
തണുപ്പും മഴചാറ്റലൊക്കെയും ,
ഓരത്തിരിക്കുവോരൊക്കെ തടയവേ ..
ഒന്നുമേ നടിച്ചില്ല; പരസ്പരം കൊണ്ടു-
നിശ്വാസങ്ങള്‍ , വിതുമ്പലും.

ദൂരമേറെ...അപരിചിതര്‍നാം -
അകന്നുപോയെങ്കിലും ,
തമ്മിലൊന്നായ്‌ നടക്കാന്‍ കൊതിച്ചവര്‍.
ഉണ്ട് പേടി, നിന്നിലുമെന്നിലും .
അറിയുന്നു നാം തങ്ങളിലെങ്കിലും.

മാറി മാറി പച്ചയും ചുവപ്പും
യാത്രതുടരുന്നു ഇറക്കിയും പേറിയും .
നിശ്ചലയായി നിന്നു ഞാന്‍-
നീയൊരു ചുവപ്പിലെങ്ങോ
മറഞ്ഞു പോയീക്ഷണം .

ദൃഷ്ടികള്‍ ചുറ്റും പരക്കവേ അസ്വസ്ഥം..
മിണ്ടിയില്ലെങ്കിലും ഉടഞ്ഞുപോയ് -
തങ്ങളില്‍ കണ്ടുനാം ,
കലങ്ങിയ കണ്ണുകള്‍ ........

                                       
                                     -ശ്രുതി



Sunday, July 22, 2012


മകള്‍ക്ക്...

ഞാനെന്‍റെ മകള്‍ക്ക് ജന്മം നല്‍കി.
നന്മയെന്നു അഭിധ ചൊല്ലി.
അവള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ നല്‍കിയില്ല.
കളികള്‍ക്ക് കൂട്ടുമായില്ല.
പാദത്തില്‍ ഊന്നി നടത്തിയില്ല.
താരാട്ടിന്നീണം പകര്‍ന്നതില്ല.
സ്നേഹപൂര്‍വമായൊരു വാക്ക് പറഞ്ഞില്ല.
നിന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചുമില്ല.

നിന്നെ ഞാനറിയാഞ്ഞല്ല കുഞ്ഞേ..
നീ നോവുന്നത് കാണാഞ്ഞുമല്ല.
ഒരിക്കല്‍ മരണമെന്നെ ചൂഴ്ന്നെടുക്കുമ്പോള്‍ 
 എന്റെ ചേതന അറ്റ മാംസത്തെകണ്ട്
നീ പതറാതിരിക്കാന്‍.
നീ സ്വയം ജീവിക്കാന്‍ പഠിക്കാന്‍.
എന്റെ വിരഹം നിന്നെ 
മുറിപ്പെടുത്താതിരിക്കാന്‍ 
ഈ അമ്മയെ ഓര്‍ത്ത് 
നെടുവീര്‍പ്പ് ഉതിര്‍ക്കാതിരിക്കാന്‍.
ഞാന്‍ ഇങ്ങനെ നിന്നെ പരിശീലിപ്പിച്ചു.
ഇനി നിനക്കെന്നോടുള്ളത്;
ആ പത്തുമാസങ്ങളുടെ ഭാരക്കൂടുതലും 
മുലപ്പാലിന്റെ കയ്പ്പും മാത്രം..

Sunday, March 11, 2012

മരണത്തോടൊരു വാക്ക് ...

നിന്നെ ഞാനെത്ര തേടി നടന്നു
മരണമേ നീ എന്നെ കണ്ടതേ ഇല്ല.


ഇന്നുനീയാ കുരുന്നിന്റെ കൈവെള്ളയില്‍ ;
നീട്ടിയ വിരലുകളില്‍ ;
വിഷം തീണ്ടിയതറിയവേ,
എന്റെ ഹൃദയം തകര്‍ന്നുപോയി .


പാവമാ കൊച്ചു പെണ്‍കിടാവിന്റെ
കീറി പറഞ്ഞോരാ പാവാട തുമ്പിലായ്
ഞേലുകയാണ് ഞാന്‍ ജീവിതെം കണ്ടൊരീ
കാലചക്രത്തിന്റെ സൂചി വിധേയമായ് .


കൊടിയേറി വാഴുന്നു നല്മുലപ്പാലിന്റെ
മധുരം മറന്നൊരീ അമ്മമക്കള്‍ .
കരയുവാന്‍ കണ്ണുനീരാവില്ലെടുക്കുവാന്‍
ഒരുതുള്ളി പോലും ബാക്കിയില്ല.


മനസാം മരുപ്പച്ച അതിര്ഭേദിച്ച്
എങ്ങോ അവസാന യാത്രയ്ക്കൊരുങ്ങാറായ്.
മതിയാവതില്ലെന്റെ പഴയകാലത്തിന്റെ ;
കുറുമ്പുനിറഞ്ഞോരെന്‍ ബാല്യകാലത്തിന്റെ ,
മടിതട്ടിലൊരുകോടി ജന്മം പുലര്‍ന്നാലും

നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല ....



എന്‍റെ നിലച്ച കണ്ണുകള്‍;
ഇരുട്ടുമാത്രമാണ് ചുറ്റും.
പോര്‍വിളിക്കിടയില്‍ അറുത്തെറിഞ്ഞ കാലുകള്‍;
ഇനിയൊരു കാതം നടക്കാനില്ല.

അക്ഷരമറിയുമെങ്കിലും, ചലനമറ്റ കൈകള്‍;
എഴുതിയറിയിക്കാന്‍ ഒന്നുമില്ല.
നിശബ്ദതയുടെ നീണ്ട വര്‍ഷങ്ങള്‍;
കേള്‍ക്കാനറിയാത്ത കാതുകള്‍ വേണ്ട.
ചൂതാട്ടങ്ങള്‍ക്കിടയില്‍ പിഴുതെറിഞ്ഞ നാവ്;
ഇനിയൊന്നും പറയാനില്ല.

എങ്കിലും,
ഞാന്‍ ശ്വസിക്കുന്നു...ഗന്ധമറിയുന്നു..;
സിറിന്ജും സിറപ്പും നിറച്ച മുറിക്കുള്ളില്‍.
സ്വപ്നം കാണുന്നു...
ഏഴുവര്‍ണങ്ങള്‍ ചാലിച്ച, പട്ടം കണക്കെ -
പറക്കുന്ന സ്വപ്‌നങ്ങള്‍.
എനിക്ക് തളര്‍ച്ചയില്ല.
എന്‍റെ മനസ് മരച്ചിട്ടുമില്ല.

Saturday, February 4, 2012

പ്രണയം...




ഞാന്‍ പ്രണയിക്കുന്നൂ...
നിറച്ചാലുകള്‍ക്ക് വഴിതെളിക്കുന്ന
ജനല്‍പാളിയിലെ
മഴത്തുള്ളി മായും വരെ.

ഇടറിവീഴാന്‍ മടിയോടെ
തെന്നി നീങ്ങും മഴത്തുള്ളിയില്‍
എന്നെയും നിന്നെയും കണ്ടു.

നിന്‍റെ കൈകോര്‍ത്തു പിടിച്ചാണ്
ഞാന്‍ നടന്നത്...
നിന്‍റെ നീര്‍മിഴികളിലൂടെയാണ്‌
ഞാന്‍ ലോകം കണ്ടത്..

നോവേറ്റു വീഴുമ്പോള്‍
എന്നെ താങ്ങി നിര്‍ത്തിയത് ,
ഞാനുറങ്ങിയത്,
നിന്‍റെ പ്രണയത്തിന്റെ
മടിത്തട്ടിലാണ്..

കടുത്ത മരവിപ്പിലും
എന്നെ ചേര്‍ത്തുപിടിച്ചത്
നിന്‍റെ പുതപ്പിന്‍ ചൂടാണ്..

തിരതല്ലിയാര്‍ക്കുന്ന കടല്‍ പോലെ,
ഈ നിറങ്ങള്‍ക്കപ്പുറത്ത്
ജനല്‍കമ്പികള്‍ കടന്നുള്ള
വെളിച്ചത്തിനപ്പുറത്ത്
ഇരുട്ട് പരക്കും സായാഹ്നങ്ങള്‍ക്കപ്പുറത്ത്...
എന്നെയും നിന്നെയും
കാലത്തെയും മറികടന്ന്
പ്രണയത്തിന്റെ ആല്‍മരക്കൊമ്പുകളില്‍
പക്ഷികള്‍ ഇനിയും കൂടുകൂട്ടുന്നു..