Saturday, August 13, 2011

നിശബ്ദം ........




കാമമേന്നേ നടിച്ചു ഞാന്‍
കാരിരുമ്പേക്കാള്‍ കടുത്തൊരീ നൊമ്പരം.
നീറി നീറിപ്പുളയുമ്പോഴൊക്കെയും
നീട്ടി എന്‍ മുഖം വഞ്ചിച്ചു പുഞ്ചിരി .

കൊഞ്ചലായി കളിച്ചു കുട്ടിത്തരം
കെഞ്ചുമെന്നതേ കാണാതിരിക്കുവാന്‍.
കണ്ടവരൊക്കെയും പറഞ്ഞു പൊള്ളത്തരം
കുട്ടിയല്ല നീ കളി മാറ്റിവയ്ക്കൂ.
കേട്ടതില്ല; കേള്‍ക്കുവാന്‍ വയ്യെന്റെ-
നെഞ്ചിലമ്മ കരയുന്ന ദുര്‍ധ്വനി .



ഒരു മതില്‍ക്കെട്ടിനപ്പുറം നിന്നൊരു-
ചിരിയുതിര്‍ക്കാതെ പോകുന്നു പിന്നെയും
പിടിതരാതെ , പിന്‍വിളി കൂടാതെ
വര്‍ണനൂലാല്‍ കൊരുത്ത കിനാവുകള്‍.


മുന്നിലെ കണിക്കൊന്നകള്‍ പൂക്കുന്നു
പിന്നെയും പൂക്കളങ്ങള്‍ വരയ്ക്കുന്നു.
മാറിയില്ലവ ........ഞാനും
മറന്നതില്ലൊന്നുമേ കിനാവും.

ഹൃദയതിലല്ല നീ പ്രണയമേ..,
മനസ്സിന്റെ ഇടനാഴിയില്‍ വെച്ചു-
പൂട്ടിയതില്ല ഞാന്‍..

പറയുവാന്‍ വയ്യാതെ ,
മൊഴിചൊല്ലിയകലുവാന്‍  കഴിയാതെ,
എന്നരികിലുണ്ടെന്നെ നോവിക്കാതെ...

Sunday, June 5, 2011

ഇത് ഒരു പഴയ കവി....


ഓര്‍മയില്‍..
അന്ന് കവിത:-
എഴുതുവാന്‍ അറിവുവേണം,
അതിനു തെളിവ് വേണം.
തെളിവിനായ് ഇടവിടാതെ 
ഘനമേറിയ സംസ്കൃത -
പ്പയറ്റുവേണം.

വരിയിലൊരു വര തെറ്റാതെ 
ഈണത്തില്‍ താളത്തില്‍ 
വൃത്തത്തില്‍ ചൊല്ലണം.

അന്ന്.....
എഴുത്തഛന് ദക്ഷിണവെച്ച് ,

നൂറിന്‍റെ കാശിറക്കി,
വാങ്ങി ഞാന്‍ 
ഒരു ഖണ്ഡകാവ്യം.


ഒന്നല്ല, പത്തല്ല 
ഒരായിരം വട്ടം വായിച്ചു. 
നിഘണ്ടുവിലലഞ്ഞു.
ഗുരുവിനോടറിവ് ചോദിച്ചു.

ഉല്ലസിക്കാന്‍..
ഒന്ന് രസിക്കാന്‍
ഒരു സുഖശയനം.
സ്മൃതിയുടെ, രതിയുടെ,
നാട്യത്തിന്റെ ,
ശുദ്ധ സംഗീതത്തിന്റെ മെത്തയില്‍.

കലികാല കവിത:-

അറിയണം ഒരു ഭാഷ -മലയാളം.
എഴുതാം ഒരുവരിയില്‍ 
ഒരു വാക്ക് ഒരക്ഷരം.
കോമ, കോമാളി, ആശ്ചര്യം!
ഒടുവിലൊരു 'ഫുള്‍ സ്റ്റോപ്പ്‌'.
നുരയുന്നു ചിതറുന്നു 
ഇംഗ്ലീഷ് പദങ്ങള്‍.

കട്ടികൂടിയ കവിത
രണ്ടു വരി.
കട്ടിയോരല്പം കുറഞ്ഞോ-
രണ്ടു പേജ് .
വൃത്തമേ പാടില്ല.
ഒരുത്തനും ..
ഈണമായ് ചൊല്ലാന്‍
കഴിയേണ്ട.


വരിയില്‍;
വരിക്കിടയില്‍,   
മുകളില്‍, കീഴില്‍
വായിക്കണം.
ബാഹ്യം ആന്തരം 
വേര്‍തിരിച്ചാരും പറയരുത്..


ഒരു തോന്നല്‍ ഒരു കവിത.
ഒരു നിലാസ്വപ്നം.
മറയ്ക്കുന്ന മുറിവ്.
മറയില്ലാതെ വിളമ്പുന്ന രതി.

തുന്നിക്കൂട്ടിയ ,പൊളി പ്രണയം, വികാരം.
ഒരു കയ്യാങ്കളി.
ഒരു കൊലക്കളം.
ഒരു വിമര്‍ശനം.
ഒരു വായ്പ്പാട്ട്.

അമ്പമ്പോ...
ആധുനിക കവിത!
വായിക്ക് വന്നത് 
കവിക്ക് കവിത.
ഇത് കലികാല 
'കണ്ട കാവ്യം'.

വായിച്ചോരൊന്നു പതറണം.
രക്തം തിളയ്ക്കണം.
എഴുതിയവനെ രണ്ടു തല്ലണം.
നാവ് പിഴുതെറിഞ്ഞ്,
ജട പിടിച്ച താടി കരിച്ച് ,
കൈ വെട്ടി മാറ്റി,
കണ്ണ് ചൂഴ്ന്നെടുക്കണം.

ഹാ, ഹന്ത കഷ്ടം!
ഈ ആധുനിക കവികള്‍ 
അരങ്ങു തകര്‍ക്കട്ടെ...,
ഞാന്‍ ഇവിടെ നിന്നും 
മാറി നില്‍ക്കട്ടെ.....



Saturday, June 4, 2011

നീ അറിയാന്‍...




എന്നിലൊന്നുമേയില്ല;
നിനക്കെന്നെ സ്നേഹിക്കാന്‍..
കേട്ടുകൊള്‍കീ  വരികള്‍,
ഇതാദ്യമായ് നീ അറിയാന്‍ എഴുതുന്നൂ ..

കളവുപറഞ്ഞുകളങ്കമീ നാവും 
നേര്‍ത്തതാണെങ്കിലുമുയരുമീ 
സ്വരത്താലിടറുന്ന കണ്ണും 
തെറ്റാണു ചെയ്യുന്നതെങ്കിലുമാവര്‍ത്തിക്കുമീ 
കൈകാല്‍കളും

തിരിതെളിയിച്ചാര്‍ത്തുകത്താന്‍ തുടങ്ങും മുന്‍പേ 
കാറ്റൂതിക്കെടുത്തിയ സ്വപ്നമുരുകിയുറഞ്ഞ്‌
കട്ടപിടിച്ചോരീ കല്ലുമനസും

തിന്നു ചീര്‍ത്തുവീര്‍ത്ത കൊഴുപ്പോടു-
മോടികൂട്ടാന്‍ തേച്ചുപിടിപ്പിച്ച മഷിച്ചാര്‍ത്തും 
മുഖത്തെ ചുളിവ, നുണക്കുഴിയെന്നും
നിറംമങ്ങിയ മുടിയെ, ഭാഗ്യനരയെന്നും 
വമ്പുപറയും ദുര്‍വാശിക്കാരി .

നാട്യമീ ലോകം; നാടകമീ ജീവിതം,
കാപട്യമെന്‍ സ്നേഹം.
ജന്മം തന്നകൊണ്ടമ്മയിലും 
എനിക്കുന്നമ്മതന്നുദരത്തില്‍ നാമ്പിട്ടു-
എന്നതോര്‍ത്തവളിലും 
പ്രണയിച്ചുവെന്നതിനാലവനിലും 
ഒട്ടു സ്നേഹം വിളമ്പുന്ന 
ഞാനീ കാപട്യക്കനി .

വീണ്ടും വന്നിതു മഴക്കാലം..
ഏറെ മോഹിച്ചു കാതിരുന്നോരോ -
മഴയും മഴനനഞ്ഞ മണ്ണിന്‍റെ മണവും
തൊട്ടുപിരിയല്ലേ, എന്നാ മഴയോടോന്നു 
ചിണുങ്ങി തെല്ലകലെമാറി,
മഴമാറി തെളിയുന്ന വേനല്‍പ്പരപ്പോടു
അലറിപ്പതഞ്ഞു ശപിക്കുന്നൂ.

ഇവിടെഞാന്‍ മഴയൂറ്റിക്കുടിച്ചും 
കെടാത്ത ദാഹത്തിന്റെ 
രാക്ഷസവായ പിളര്‍ന്ന്,
മഴ നൂലുകളിലായി ചുരുങ്ങുമ്പോഴീ
കത്തും വയറുകൂട്ടിപ്പിടിച്ചു 
വീണ്ടുമൊന്നാര്‍ത്തുപെയ്യാന്‍ കൊതിക്കുന്നു.

കെട്ടടങ്ങാത്തോരെന്‍ കണ്ണിലഗ്നിയും
മഴതൊട്ടു ശമിക്കാനിടറിനില്‍ക്കുന്നു.
പേമഴയിതിലകംപൂകിയിളകി മാറട്ടെ,
നെഞ്ചിലാഴ്ന്നെന്റെ പ്രണയം 
കുത്തിയ കഠാര.

നീറിപ്പുകയുമീ ചര്‍മത്തിലാകവേ 
മഴപെയ്ത് കുളിരിറങ്ങട്ടെ.
ജടയിലീ മഴവെള്ളമൊന്നുവീണതിന്‍ 
പുതിയ മുകുളങ്ങള്‍ മുളച്ചുപൊന്തട്ടെ.

ഇനിയും തീരുന്നില്ലെന്റെ ദാഹം,
അളവറ്റ കടലുകുടിച്ചും .
ഉപ്പു വേര്‍പെട്ടും,
പവിഴപ്പുറ്റുകളൊക്കെയും തിന്നും 
കെടുന്നില്ലീ വിശപ്പും.

പറയുവാനുണ്ടിനിയുമൊരുപാ-
ടെത്ര പറഞ്ഞോ, അതിനു മെത്രയോ 
പാടിക്കഴിഞ്ഞീ വെളയിലെന്നകം.
എങ്കിലും, ഇതൊക്കെയുമാണ് ഞാന്‍.

ഇനിയൊന്നുമേ നിനക്കെന്നെ 
പ്രണയിക്കാനതുകൊള്ളും വിധമൊരു 
വര്‍ണവുമില്ലെന്നില്‍.
ശൂന്യമീ കൈകള്‍,....കാണുക
നിനക്കേകാനില്ലൊട്ടൊരു
പ്രണയക്കുറിപ്പും പനിനീര്‍പ്പൂചെണ്ടും.

കാതുകൂര്‍പ്പിച്ച് കേട്ടറിഞ്ഞിതൊക്കെയും
ഇനി നീ പറയൂ....
നിന്‍റെ മുന്നിലൂര്‍ന്നുവീഴും 
മഴയ്ക്കെന്റെ ഗന്ധമോ?...
താവക സൌധപ്പടിവാതിലും തുറന്നിനിയും 
കാത്തുനില്‍പ്പതെന്നയോ?...

വീണ്ടുമാവര്‍ത്തിച്ചു പറയുന്നൂ..
ഇല്ല, വരില്ല ഞാന്‍.

Wednesday, May 4, 2011

നിദ്രയില്‍....




ഇതെന്‍റെ തോന്നലുകള്‍ മാത്രമാവാം;

നിശയുടെ മാറില്‍ കിതപ്പോടെ,
നിലാവിന്‍റെ കീഴില്‍
ഞാനുറങ്ങുമ്പോള്‍...
ഇതേ ശബ്ദം...ഇതേ താളം.

എന്തിതീരാത്രിതന്‍ നീണ്ട മൌനത്തിന്റെ
രേഖ കടന്നെന്റെ കാതിലിങ്ങനെ?..

എന്റെ ഹൃദയം മന്ത്രിക്കയാവാം.
മൂഡസ്വപ്നം കാണ്മതാവാം.

ഉള്ളിലമര്‍ത്തിയ പേടിയോടെ,
ഒരു നേര്‍ത്ത ഞരക്കത്തോടെ,
അരികിലെ അമ്മതന്‍ നേര്‍ക്കെന്റെ
കൈകള്‍ നീട്ടും..
അരികിലൊരാളുണ്ടെന്നുറപ്പിക്കാന്‍ .
ഇവിടെ ഞാന്‍ തനിച്ചല്ലെന്നതറിയാന്‍.

ഹൃദയത്തില്‍ ഞാനിതാ
കുറിക്കുന്നീ വാക്കുകള്‍.
" മരണത്തെക്കാള്‍ ഭീതിദമായ
  എന്തിനെയോ ഞാന്‍ ഭയക്കുന്നു.
   വിറയ്ക്കുന്നു.
   ഇരുട്ടല്ല, ഇരവിന്റെ നൊമ്പരങ്ങളുമല്ല.
   അതെന്നിലേക്കടുക്കുകയാണെന്നറിയുന്നു.
   ഞാന്‍...കാത്തിരിക്കുന്നു.."

Sunday, April 24, 2011

വാത്സല്യം...






പ്രിയസഖീ, യെന്നും വിളിച്ചെന്റെ-
ഉള്ളിലൊരു സുഖം കോറിയിട്ടെങ്ങോ
മറഞ്ഞു നീ.


ഒരിത്തിരി നൊന്തു.
ഞാനൊരുപാട് നോവിച്ചും ,
പരിഭവമില്ലെന്നു പറയുന്നു നീ.


വിഷാദക്കറ പുരണ്ടോരാ കവിതയില്‍ 
നീറുമെന്‍ മനസ്സിന്നെ 
പറയാതെ കണ്ടു നീ.


അറിയേണ്ടതില്ലെന്നുറപ്പിച്ച നാള്‍വരെ
പരസ്പരമായി മറച്ചുപിടിച്ചു നാം.


ഇന്നലെയെന്നുള്ള് ഉറക്കെകരഞ്ഞതും,
പിറകെ നീയുണ്ടെന്നു ഞാനറിഞ്ഞെന്നതും .


പിരിയുവാന്‍ വയ്യെനിക്കൊരുനാളുമീ സുഖം .
ഒരുസ്വപ്നമുണ്ട് ഞാന്‍ പറയട്ടെ,..;
ഇനിയൊരു ജന്മമുണ്ടെങ്കിലെനിക്ക് നിന്‍ -
മകളായ് പിറക്കുവാനിത്തിരി കൌതുകം... 

Tuesday, April 12, 2011

നിനക്കായി ........


മൃത്യുവില്ലാതെ കാക്കുക നീ
ഞാനിതെന്‍ ആരുമാല്ലാത്തോര്‍ക്കായ്‌
തെളിച്ചതീ കൈത്തിരി..

ഇത്തിരി നേരമേയുള്ളൂ ജീവിതം-
കെട്ട സങ്കല്പ ലോകത്തിലിന്നിനി..

തെറ്റിയില്ലെനിക്കീ രോഗശയ്യയില്‍
കാത്തിരിക്കയാണുറ്റ ചങ്ങാതിയെ...

ഇനിയെന്തിനായ് സഖേ..,
നിന്റെ കണ്ണീര്‍തുള്ളി ..
ഉരുകി വീഴുന്നിതെന്‍
വരണ്ട തൊലിപ്പുറം..

കൈകളില്‍ കരുത്തില്ല
എന്‍റെ അവസാന വരികളില്‍
വിലങ്ങാകുന്നു നിന്‍മുഖം..

തരിക മാപ്പു നീ ..
എന്തിനോ വേണ്ടി ഞാന്‍
തല്ലി തോല്പിച്ചു കീഴടക്കിയ മാനസം...

ഇനിയെന്തിനായ് സഖേ...,
ഈ വിറപൂണ്ട നിന്‍ ചുണ്ടില്‍
പടരുവാനാവാതെ ഇടറുന്ന
നിന്‍ വിട.........

Thursday, March 10, 2011

...വഴിയരികില്‍..(ചെറുകഥ.)




കാലമെപ്പോഴോ , എന്റെ ഉള്ളംകൈയില്‍ നിന്റെ കൈ ചേര്‍ത്തുവെച്ചു.
തിരിഞ്ഞു നോക്കാതെ ഞാന്‍ നിന്നെയും ചേര്‍ത്തുപിടിച്ച്  കുറെ നടന്നു....
                         ഇടയ്ക്കെപ്പോഴോ നിന്റെതിനെക്കാള്‍ മിനുസമെന്നു തോന്നിയ കൈവിരലുകള്‍ കണ്ട് ഞാനതിനെ കൂട്ടുപിടിച്ചു.
                    നിന്നെക്കാളേറെ ഞാന്‍ അവളെ സ്നേഹിച്ചു..
പക്ഷെ, അവളുടെ കൈവിരലലുകളില്‍ മറ്റാരുടെയൊക്കെയോ വിരലടയാളങ്ങളുണ്ടായിരുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും...,
                 കാലം എനിക്കെന്നെ നഷ്ടമാക്കിയിരുന്നു.....

സഞ്ചരിച്ച് തളര്‍ന്ന വഴിയിലൂടെ ഞാന്‍ തിരികെ നടന്നു..
എന്നെയും കാത്ത് നീ അപ്പോഴും അവിടെ ഉണ്ടായിരുന്നു...

ഞാനില്ലാതെ നിനക്ക് എവിടെയും പോകാന്‍ കഴിയുമായിരുന്നില്ല..
            നിന്റെ കൈകളില്‍ എന്റെ കൈ ചേര്‍ത്തപ്പോള്‍ എനിക്ക് മനസ്സിലായി....
   കാലം എനിക്ക് നിന്നെയും നഷ്ടമാക്കി.....
നിന്റെ നീളന്‍ വിരലുകള്‍ക്ക് മനം കോച്ചുന്ന തണുപ്പായിരുന്നു...
        നീ.....
            അസ്തമിച്ചു കഴിഞ്ഞിരുന്നു........

Thursday, March 3, 2011

ഞാന്‍ സ്വതന്ത്രയാണ്.



പെണ്ണെന്ന വാക്ക് വെറുംവാക്കല്ല;
എന്നമ്മ പഠിപ്പിച്ചു,
പണ്ടുതൊട്ടേ.
പെറ്റമ്മ യാണത്രെ പാരിലെ ദൈവ-
മെന്ന് അച്ഛനും പണ്ടേ
പറഞ്ഞു തന്നു.


കൊച്ചു കൂട്ടുകാരി,
അനിയത്തി,
ഇച്ചേച്ചി,
ചിറ്റ,
വല്യമ്മ,
മുത്തശ്ശി,
ഇവരെന്നെയൊത്തിരി സ്നേഹിച്ചവര്‍.

കഷ്ടമിന്നിഹപരശാപ ജന്മത്തില്‍
ഇവരെന്നതേ വംശമെങ്കിലും.
മാറ് പൊത്തിക്കരഞ്ഞൊരു
പെണ്ണിന് ചേലനല്‍കി,
പുത്തന്‍ വിപ്ലവമെങ്കിലും.

വാര്‍ത്തകള്‍, ചര്‍ച്ചകള്‍,
വീക്ഷണക്കോപ്പുകള്‍
തമ്മിലടിച്ചാര്‍ത്തുരസിക്കുമ്പോള്‍
ഈ വംശം ,
ഇന്നൊരു കുറച്ചിലായി.

" പടിയിറങ്ങണ്ട നീ
  മുറ്റത്തു പോകണ്ട
  വീട്ടിലിരുന്നു പഠിപ്പുമതി.

  ചേട്ടന്മാരോട് മിണ്ടണ്ട ,
  ചോദിച്ചാല്‍ അച്ഛന്‍ പറഞ്ഞോളും
  ഉത്തരങ്ങള്‍.

  മോള് മുറീന്നിറങ്ങണ്ട,
  ചോറായാല്‍
  വാതില്‍ക്കലമ്മ കൊണ്ടത്തരാം.

  ആവശ്യമേതേലുമുണ്ടേല്‍
  ഉടനൊരു മിസ്കോള്‍
  മാത്രം മതി.

  കാണുക കാഴ്ച,
  കണ്‍തുറന്നൊന്നു നീ
  ചുവരിലെ ചിത്രവും,
  വിരലുതൊട്ടാല്‍ പൊടുന്നനെ
  പാടുമീ പെട്ടിയും. ."

ഉള്ളോരുടുപ്പുകളത്രയും
കത്തിച്ച്,
പുതിയ പര്‍ദയ്ക്കമ്മ
ഓഡറു കൊടുക്കുന്നു..

കാശൊരിത്തിരി കൂടിയാല്‍തന്നെയും
ട്യൂഷന് ,
മാഷുവേണ്ട; ടീച്ചറുമതി.

പിടക്കോഴി കൂവി വെളുപ്പിക്കും
നൂറ്റാണ്ടില്‍..
അലറിക്കരഞ്ഞു പറയട്ടെ,
പാഴ്മൊഴി,
ഇവിടെ ഞാന്‍  ,
പൂര്‍ണ സ്വതന്ത്ര തന്നെ....

Tuesday, February 15, 2011

ഇത്തിരി നേരം...


"മൊഴി പറകയാണെന്‍റെ പ്രണയമേ,
ഇനി പറയുവാനില്ല പരിഭവം.

തിരികെയാത്രയില്ലിനി ഇവിടെയെന്‍ 
കരളു പങ്കിട്ട കഥകളായ്..

സമയമായത്രേ പിരിയുവാന്‍ 
ക്ഷണികമതിനുമെത്രയോ നൊമ്പരം...."

Saturday, February 5, 2011

പൂക്കാലത്തിന്റെ പുഴ



മരുഭൂമിയുലുണ്ടൊരു പുഴ
നിങ്ങളറിയാതെ മരുമണ്ണില്‍ ഉണ്ടൊരു പുഴ .
ഞാനേ തടം കെട്ടി,
ഞാനേ മണല്‍ ചുമന്നാദ്യാന്തമാക്കിയ പുഴ.
കണ്ണീരുതിര്‍ത്തു ഞാന്‍ പുഴ നിറച്ചു ,
ഹൃദയ ഭാരങ്ങളെ ഒഴുക്കിവിട്ടു.
ഞാനാ പുഴയിലേക്കൊടിയിറങ്ങി
എന്റെ വിഴുപ്പു ഭാണ്ടതിന്റെ തോണി പേറി .
മോഹങ്ങളേ ഞാന്‍ തിരകളാക്കി-
കണ്ണീര്‍ തടത്തില്‍ മുക്കിക്കൊന്നു ....
തുണയില്ല ,ഇണയില്ല,രക്തബന്ധവുമില്ല
ഞാനേ സാക്ഷി,രക്ത സാക്ഷി.
തോണി തുഴഞ്ഞു ഞാന്‍ നടുവിലെത്തി -
പിന്‍തിരിഞ്ഞെന്റെ വൃന്ദാവനം കാണ്കെ,
പൂക്കളുമില്ല പൂക്കാലവുമില്ല
ഈ കൊടും ചൂടിലതുണങ്ങി കിടക്കുന്നു.
ഉറ്റവര്‍ എല്ലാം അറിഞ്ഞിട്ടും ഞാനറിഞ്ഞില്ല -
വസന്തം കടന്നുപോയീ.....
ഒടുവിലീപുഴ എന്റെ മനസെന്ന പുഴ പറഞ്ഞു ,
നിന്റെ വസന്തം വന്നിരിക്കുന്നു.
നീന്തിഞാനക്കര ചേര്‍ന്നപ്പോള്‍
മുന്നില്‍ നില്പിതെന്‍ വാസന്തം .
ഒന്നെന്നെ നോക്കി മാറിനടന്നു -
മറ്റൊരു പൂവിനെ തേടി ,
മറ്റൊരു പൂക്കാലം തേടി.
കേവല വിഡ്ഢി ഞാനാകട്ടെ,
ആ പഴയ പൂവിനെ കാത്ത് ,
വസന്തത്തെ കാത്ത്,
എന്റെ പുഴയുടെ നടുവില്‍ ...
മുങ്ങിതാഴാതെ നിശ്ചലയായി...

നിറം



വിസ്മൃതിയുടെ അന്ത്യ നാളുകള്‍ക്ക് മീതെ
കൂമന്‍ കാവലിരിക്കുമ്പോള്‍,
കാടുവെട്ടിതെളിച് വെണ്ണ്‍മേഘ ശകലം
വിരിഞ്ഞത് കാണുന്നു.
വിലകുറഞ്ഞ കടലാസ് തുണ്ടുകള്‍ക്ക്
വിരഹം വേദനയാകുമ്പോള്‍
വീണ്ടുമൊരു സെക്വേറിയ
അറ്റ് വീഴുന്നതും അറിയുന്നു.
കറുപ്പിനെ സ്നേഹിച്ച വെളുപ്പിന്
ലോകാവസാനം എന്ന സ്വപ്നം
മാത്രം ബാക്കി ..........

Saturday, January 29, 2011

വയസ്സി,



കാലമിതേതോ കലികാലരൂപമായ്
മാറിപ്പോയ്‌ നിന്‍ കുഞ്ഞ,ന്ന്യനായി .
ഉറ്റവരെന്നും പറഞ്ഞോടിക്കളിച്ചോരീ
കൈകാല്‍കളില്‍ കരുത്തേറയായി.
വിങ്ങിക്കരഞ്ഞമ്മ,യെന്നും വിളിച്ചോരീ
ഉണ്ണിനാവില്‍ ഉറയുന്ന ദ്വേഷമായി.

കരിമഷിച്ചായം വരച്ചോരാ ചുമരില -
ക്കരിയൊക്കെയും മായ്ച്ചു
അക്ഷരമാലയും പാട്ടും പഠിപ്പിച്ചു.
കുത്തിവരയ്ക്കുവാന്‍ ഇന്നൊട്ടു വേണ്ടൊരാ-
കുറ്റിപെനസിലും
അത്തറിന്‍ മണമുള്ള  കുഞ്ഞുടുപ്പും .

കേട്ടുപഴകിയ മുത്തശ്ശിക്കഥയിലെ
അണ്ണാരക്കണ്ണനായി മാറിയും ,
നിന്‍റെ മാറിലേക്കൊട്ടികിടന്ന കുഞ്ഞിനായി
തേങ്ങലിന്‍ താരാട്ടുമൂളിപഠിച്ചതും കാണുക.

ഭാരമേറി പത്തുമാസങ്ങള്‍
അമ്മയെന്നുള്‍വിളി കേട്ടും
കാത്തിരുന്നവള്‍
മേനി നോക്കാതെയും,വേദനയോര്‍ക്കാതെയും.

കേവല വിഡ്ഢി നീയിന്നിവ-
ന്നാഹാരവും വടിവൊത്ത വസ്ത്രവും
മാത്രമായി.
എങ്കിലു, മെന്‍മകനെന്നുമെന്‍ ചാരെ
എന്നതാകുന്നു നിന്‍റെയുള്ളം.

ആരാരുമറിയാതെ ആ കുഞ്ഞെഴുത്തുകള്‍
ഓരത്ത് ചേര്‍ത്ത് വിതുമ്പവേ
ഓര്‍ക്ക...,
മോടിയൊക്കെയും മാഞ്ഞുപോയ്      
അമ്മെ, നീ മായാലോകത്തു നിന്നുണര്‍ന്നീടുക....

Saturday, January 1, 2011

സന്ദേശം...

കാലു നീറുന്നു.
കരങ്ങള്‍ നീറുന്നു.
ഹൃദയത്തിനു മാത്രം നീറ്റലില്ല.
കൈ നീറുന്നു വെന്നത്കൊണ്ടോ,
എന്‍റെ കവിതയ്ക്കുമുണ്ടതേ നീറ്റല്‍.


എന്നിലേക്കെന്നെ തിരിച്ചയയ്ക്കുമ്പോള്‍ ,
മുള്ളാഴ്ന്നിറങ്ങി വൃണപ്പെട്ട മജ്ജയും
പ്രായാധിക്യം തോന്നുന്ന ചര്‍മവും 
കൊഴിഞ്ഞു തീര്‍ന്ന മുടിനാരും
ലാടമടിക്കപ്പെട്ട നഖങ്ങളും 
വിരസതയിലാക്കുന്ന മുഖവുമല്ലാതെ 
വികാരങ്ങളേതുമതില്ല.


ഒരു വിടവാങ്ങലിന്‍റെ പകല്‍ കൊഴിഞ്ഞു പോകും മുന്‍പേ 
ഞാനെന്‍റെ നന്ദി പറയട്ടെ,
സൃഷ്‌ടിച്ച മാതാപിതാക്കള്‍ക്കും 
എഴുതാന്‍ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്കും 
പൂക്കളിരുക്കരുതെന്നു പഠിപ്പിച്ച 
നിര്‍ജീവ ചെമ്പനീരുകള്‍ക്കും
വാശി പിടിപ്പിച്ച സോദരര്‍ക്കും 
താങ്ങായി നിന്ന മിത്രങ്ങള്‍ക്കും 
ഞാന്‍ നോവിച്ച,എന്നെ നോവിച്ചവര്‍ക്കും
എഴുതാന്‍ മറന്നുപോയ മറ്റെല്ലാവര്‍ക്കും.


എന്തെന്റെ നന്ദി വാക്കുകള്‍ക്കപ്പുറം പോകുന്നു!
ഓ,മറന്നുപോയി ..എന്നെ തിരിച്ചറിഞ്ഞ 
രണ്ടക്ഷര പേരിനും നന്ദി.
പാതയിലുപേക്ഷിച്ച ചിലങ്കയ്കും
തളര്‍ന്നുപോയ വീണയ്ക്കും
കളവെഴുതിയ തൂലികയ്ക്കും 
കളമെഴുതിയ രേഖകള്‍ക്കും 
വികട സരസ്വതിയുടെ നാവിനും 
ജഗത്പിതാവിനും 
ഇതാ എന്‍ പാലായന സന്ദേശം....